Thursday, January 3, 2013

പുതുവത്സരം

           വീണ്ടും ഒരു പുതുവത്സരം. അസംഖ്യം ആശംസകള്‍ സ്വീകരിച്ചും നേര്‍ന്നുകൊണ്ടും ഒരു പുതുവത്സരദിനംകൂടി കൊഴിഞ്ഞു വീഴുന്നു. ഒരു പുതുവത്സരത്തിന് എന്താണ് ഇത്രയും പ്രത്യേകത???    യദാര്‍ത്ഥത്തില്‍ ഇതൊരു പുതുവത്സരമാണോ ???   ലോകമെങ്ങും വിവിധ കലണ്ടറുകള്‍ നിലവിലുണ്ട്. അവയോരോന്നിനും വ്യത്യസ്തങ്ങളായ പുതുവത്സരങ്ങള്‍. അപ്പോള്‍ ഏതാണ് യദാര്‍ത്ഥ പുതുവത്സരം???   ഉത്തരം പറയുക പ്രയാസം തന്നെ. 

            കേവലം ഒരു കലണ്ടര്‍ മാറ്റം എന്നതിനപ്പുറത്തേക്ക് ഒരു മാറ്റവുമില്ലാതെ പുതുവത്സരം ആണ്ടുതോറും നമ്മെ തേടിവരുന്നു. വ്യക്തിപരമായി ഈ പുതുവത്സരാഘോഷങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല. കാരണം ഇന്നലെയുടെ ഒരു തുടര്‍ച്ച മാത്രമാണ് ഇന്ന് എന്ന തിരിച്ചറിവ് അങ്ങനെ ഒരു തലത്തിലേക്ക് എന്റെ ചിന്തകളെ നയിക്കുന്നു. 

            ആശംസകള്‍ സ്വീകരിക്കുമ്പോള്‍ തിരിച്ചും ആശംസിക്കുക എന്ന ധാര്‍മ്മിക മര്യാദ ഞാന്‍ കാണിച്ചപ്പോള്‍ സ്നേഹബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കാന്‍ കഴിഞ്ഞു എന്നത് താല്‍പ്പര്യമില്ലായ്മക്കിടയിലും പുതുവത്സരാശംസകള്‍ നേരാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഒരു പക്ഷെ ഇതു തന്നെയായിരിക്കാം യുക്തിരാഹിത്യം നിറഞ്ഞ ഇത്തരം പല ആഘോഷങ്ങള്‍ക്ക് പിറകിലെ യുക്തിയും. 

            നന്മയിലേക്കുള്ള മാറ്റങ്ങള്‍ക്കു നാന്ദി കുറിക്കാന്‍ ഒരു പുതുവത്സര ദിനത്തിനായി കാത്തിരിക്കരുത്. എങ്കിലും ഓരോ പുതുവത്സരത്തിലും എന്തെങ്കിലും നന്മയുടെ അംശം നമ്മുടെ ചിന്തകളില്‍ കൊളുത്താനും അതൊരു ദീപ്തനാളമായി അണയാതെ കാത്തുസൂക്ഷിക്കാനും നമുക്ക് സാധിക്കട്ടെ. എല്ലാവര്ക്കും ഐശ്വര്യവും  സമൃദ്ധിയും നിറഞ്ഞ ഒരു വര്‍ഷം ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു.   പുതുവത്സരാസംസകള്‍....